സിപിഐഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. സിപിഐഎമ്മിൻ്റെയോ ലീഗിൻ്റെയോ വിഷയമല്ലിതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ ചിലർ ക്ഷണിച്ചപ്പോൾ അവരുടെ നിലപാട് കണ്ടതാണെന്നും ലീഗിൻ്റെ ഈ നിലപാട് നിലപാട് സ്വാഗതാർഹമാണെന്നും പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കി. ഏക സിവിൽ കോഡിൽ ലീഗിന്റെ ബുദ്ധിമുട്ടുകൾ സിപിഐഎമ്മിന് ബോധ്യമായിരുന്നുവെന്നും ആ നിലപാടിൽ അവർക്ക് പ്രയാസമുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് ലീഗിനെ ക്ഷണിക്കാതിരുന്നതെന്നും പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കി.
റാലിയിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് ഇസ്രായേൽ അനുകൂല നിലപാട് അവർ പ്രകടിപ്പിക്കുന്നതിനാലാണെന്നും ശശി തരൂരിന്റെ അഭിപ്രായം കോൺഗ്രസിന്റേതാണെന്നും അതിനെ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും പി. മോഹനൻ വ്യക്തമാക്കി.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ലെന്നും ക്ഷണം കിട്ടിയാൽ ഉറപ്പായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു