ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികള്‍ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഓര്‍മ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍.
16 മുതല്‍ 20 മണിക്കൂറോളം കഠിനജോലി ചെയ്ത് നാലുമണിക്കൂര്‍ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു തൊഴിലാളി ജീവിതങ്ങളുടെ ദിനക്രമം. ഇങ്ങനെ പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും. 1886 മേയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയില്‍ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇതിനെതിരെ രംഗത്തെത്തിയത്. അവര്‍ സര്‍വ ലോക തൊഴിലാളികള്‍ക്കായി പണിമുടക്കി. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നതായിരുന്നു മുദ്രാവാക്യങ്ങള്‍. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികള്‍ മരിച്ചുവീഴാന്‍ തുടങ്ങി. അതോടെ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂര്‍ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികള്‍ അംഗീകരിക്കുകയായിരുന്നു.
1886 സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി. അങ്ങനെ മെയ് ഒന്ന് അന്താരാഷ്ട്ര മെയ് ദിനമായി മാറി.