Newsperseconds.com

ടിക്കറ്റ് ഫുള്‍; നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

Capture

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുക. നവകേരള ബസ് ഇനി മുതല്‍ ഗരുഡ പ്രീമിയം എന്ന പേരിലാണ് അറിയപ്പെടുക. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.

അതേസമയം, ബുധനാഴ്ചയാണ് ആദ്യസര്‍വ്വീസിന്റെ ബുക്കിങ് ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത ഒന്‍പതു യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി.

ബസ്സില്‍ ആവശ്യാനുസരണം യാത്രക്കാര്‍ക്ക് ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവും ബസ്സിലുണ്ട്.

Share this Article

Leave a Comment