തിരുവനന്തപുരം: ശബരിമലയില്‍ അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമായിരിക്കും ഉണ്ടാവുക. പ്രതിദിനം ബുക്കിങ് 80000 ത്തില്‍ നിര്‍ത്താനാണ് തീരുമാനം. നേരത്തെ ഇത് 90,000 ആയിരുന്നു.
ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയും ഭക്തര്‍ക്ക് സുഖമായി ദര്‍ശനം നടത്താനുമാണ് പുതിയ ക്രമീകരണം. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിക്കും തിരക്കും നിയന്ത്രണാതീതമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദര്‍ശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.