കൊച്ചി: പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിയല്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പൊലീസ്. കുഞ്ഞിന്റെ അമ്മയായ യുവതി പീഡനത്തിന് ഇരയായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നില്‍ക്കണ്ടാണു പൊലീസിന്റെ നടപടി.
വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്കാണ് യുവതി ഫ്‌ളാററിലെ ശുചിമുറിയില്‍ പ്രസവിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായില്‍ തുണി തിരുകി വെക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലില്‍ മുട്ടിവിളിച്ചതോടെ വെപ്രാളത്തില്‍ കുട്ടിയെ താഴേക്ക് എറിയുകയായിരുന്നു. അപ്പുറത്തെ പറമ്പിലേക്ക് എറിഞ്ഞത് ഉന്നം തെറ്റി റോഡിലേക്ക് എത്തുകയായിരുന്നു.
കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിക്കു ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈദ്യസഹായം ഇല്ലാതെ ശുചിമുറിയില്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് അണുബാധ ഉണ്ടായതെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇന്നലെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ യുവതിയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്‍വാങ്ങി. യുവതിയുടെ മാതാപിതാക്കളില്‍ നിന്നു പൊലീസ് ഇന്നലെയും മൊഴിയെടുത്തു.