Newsperseconds.com

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് വി ഡി സതീശന്‍

Capture

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ തടസ്സം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. കൈക്കുഞ്ഞുങ്ങളെയടക്കം എടുത്ത് കൊണ്ട് അമ്മമാര്‍ എയര്‍പോര്‍ട്ടുകളില്‍ കാത്തിരിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. എന്നാല്‍ ഇതുവരേയും യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് എയര്‍ ഇന്ത്യയുടെ സമരം. യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരടക്കം ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടത്.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

കേരളത്തില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ തടസ്സം പരിഹരിക്കാന്‍ അടിയന്തര നടപടി അഭ്യര്‍ത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. എയര്‍ ഇന്ത്യയുടെ മാപ്പര്‍ഹിക്കാത്ത തീരുമാനത്തിന്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ഭയാനകമാണ്. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകള്‍ക്ക് കൃത്യസമയത്ത് മടങ്ങാന്‍ കഴിയാത്തതിനാല്‍ അവരുടെ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ നല്‍കാനുള്ള മര്യാദ പോലും എയര്‍ ഇന്ത്യ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അടിയന്തര സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share this Article

Leave a Comment