Newsperseconds.com

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദമാകുന്നു; സ്‌പോണ്‍സറെ തേടി പ്രതിപക്ഷം; ആരോപണങ്ങള്‍ തള്ളി ഇപി ജയരാജന്‍

Veena Riyas Vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശയാത്ര വിവാദമാകുന്നു. വിദേശത്ത് പോയ മുഖ്യമന്ത്രി എന്തു കൊണ്ട് ചുമതല കൈമാറിയില്ലെന്നും സകുടുംബ യാത്രയുടെ ചിലവും ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ മകള്‍ വീണാ വിജയനും ഭര്‍ത്താവ് മുഹമ്മദ് റിയാസുമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും ഒപ്പമുണ്ട്. ഈ മാസം 12 വരെ ഇന്തോനേഷ്യയില്‍ തുടരുമെന്നാണ് വിവരം. 12 മുതല്‍ 18 വരെ സിങ്കപ്പൂരില്‍ സന്ദര്‍ശനം നടത്തും. 19 മുതല്‍ 21 വരെ യുഎഇ സന്ദര്‍ശനവും നടത്തും. ശേഷം കേരളത്തിലേക്ക് മടങ്ങും. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തുന്നത് എന്തിനാണെന്നും അടിയന്ത തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭയോഗം ചേരാത്തത് എന്തു കൊണ്ടാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവര്‍ ലോകം ചുറ്റി നടക്കുകയാണ്. യാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരെല്ലെന്നും എന്നാല്‍ എന്തിനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി വിദേശ യാത്ര നടത്തുന്നതെന്നും പ്രതിപക്ഷം ചോദിച്ചു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയാണ് ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി ഇതിനുള്ള ഉത്തരം പറയണമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

അതേ സമയം, എല്ലാ ആരോപണങ്ങളും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളുകയാണ്. യാത്രയില്‍ ചട്ടലംഘനമില്ലെന്നും പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞാണ് യാത്രയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്ന് മാധ്യമങ്ങള്‍ അറിയേണ്ട അവശ്യമില്ല. എല്ലാം എല്ലാവര്‍ക്കുമറിയാം. പത്രമാധ്യമങ്ങളിലെ പ്രധാനികള്‍ക്ക് എല്ലാം അറിയാം. പാര്‍ട്ടിക്കും അറിയാം. പിന്നെന്തിനാണീ നാടകം. എപ്പോഴും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ മുഖ്യമന്ത്രി പോകാറുള്ളുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയില്‍ ഒരു ചട്ടലംഘനവുമില്ല.ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം യാത്ര പോയിട്ടില്ലോ. മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ കാരണം തേടി നടക്കുകയാണ് പ്രതിപക്ഷമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Share this Article

Leave a Comment