Newsperseconds.com

പ്രതിസന്ധി ഒഴിയാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്; കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വ്വീസ് ഇന്നും മുടങ്ങി

Air India Chennai

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചിട്ടും ഇന്നും സര്‍വ്വീസുകള്‍ മുടങ്ങി. കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളാണ് മുടങ്ങിയത്. അതേസമയം കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി.
കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.

കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഏതാനും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദമാം, മസ്‌കറ്റ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും റദ്ദാക്കിയത്. യുഎഇയിലും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്-കോഴിക്കോട്, അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്നു മുതല്‍ സര്‍വ്വീസ് തുടങ്ങാന്‍ ധാരണയായിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇന്നത്തോടെ മുഴുവന്‍ സര്‍വ്വീസും പുനരാരംഭിക്കുമെന്നാണ് ഇന്നലെ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്തത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.

Share this Article

Leave a Comment