തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം കൂടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ രോഗികളുടെ എണ്ണം ഇരട്ടി കൂടുതലാണ്. രോഗം വന്നവരില്‍ പകുതിയും മരണം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്.
ഈ വര്‍ഷം മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. എന്നാല്‍ മുമ്പുള്ള കണക്കെടുത്താല്‍ ഇത് നാലായിരത്തില്‍ കുറവാണ്. മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വര്‍ഷം മഞ്ഞപ്പിത്തം മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പടരുന്ന മലയോര മേഖലകളിലെ വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തും, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തും, വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്ന കാര്യവും ജനങ്ങളെ അറിയിക്കും. രോഗബാധിതര്‍ കൃത്യമായി വിശ്രമം എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.