Newsperseconds.com

പന്തീരങ്കാവിലെ ഗാര്‍ഹികപീഢനം; യുവതിക്ക് നിയമസഹായം നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Capture

കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിക്ക് നിയമസഹായം നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വനിത നിയമ സഹായമുള്‍പ്പെടെ നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ വീട്ടുകാരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വിവാഹം കഴിഞ്ഞിട്ട് വെറും 7 ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിരുന്നു. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലാണ് രാഹുല്‍ ഭാര്യയെ അക്രമിച്ചത്. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടുക്കാര്‍ ആരും വഴക്കില്‍ ഇടപ്പെട്ടില്ലെന്നും യുവതി വ്യക്തമാക്കി.

Share this Article

Leave a Comment