Newsperseconds.com

പന്തീരങ്കാവിലെ ഗാര്‍ഹിക പീഡനം; രാഹുല്‍ വിവാഹതട്ടിപ്പു വീരനെന്ന് സംശയം; കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ ചെയ്തതായി വിവരം

Dowry Case.1.2715431

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി രാഹുല്‍ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. പല സ്ഥലങ്ങളിലായി ഇയാള്‍ വിവാഹം കഴിച്ചതായി തെളിവുകള്‍. മുമ്പുള്ള ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് ഇപ്പോള്‍ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്.
രാഹുലുമായി മുമ്പ് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികളാണ് പോലീസില്‍ പരാതിയുമായി വന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് രാഹുല്‍ വിവാഹം കഴിച്ചതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടി വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം കിട്ടിയിട്ടില്ല. അതിന് മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കോട്ടയം സ്വദേശികളായ രാഹുലും കുടുംബവും കുറച്ചുകാലം മുമ്പാണ് കോഴിക്കോട് പന്തീരങ്കാവില്‍ താമസം തുടങ്ങിയത്. മാട്രിമോണി വഴിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ചക്കുള്ളിലാണ് യുവതിക്ക് കൊടിയ മര്‍ദ്ദനമേറ്റത്.

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വിവാഹം കഴിഞ്ഞിട്ട് വെറും 7 ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിരുന്നു. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലാണ് രാഹുല്‍ ഭാര്യയെ അക്രമിച്ചത്. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടുക്കാര്‍ ആരും വഴക്കില്‍ ഇടപ്പെട്ടില്ലെന്നും യുവതി വ്യക്തമാക്കി.

Share this Article

Leave a Comment