മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ. വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം കൂട്ടുനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ.
മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് തന്റെ ചോദ്യം. വിജിലൻസിലടക്കം കൊടുത്ത കത്തുകളിൽ ഈ ചോദ്യത്തിന് സർക്കാർ മറുപടി നൽകുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
നിർണായകമായ വിഷയങ്ങൾ ചോദിക്കുമ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണ്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല. എം.എൽ.എയെന്ന നിലയിൽ തന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആർ.ടി.ഐ പ്രകാരം ഒരു സാധാരണ പൗരൻ എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് ഒരു മാസത്തിനകം നൽകണമെന്നാണ് നിയമം. എന്നാൽ, ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ കൊടുത്ത കത്തുകൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.