കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന്റെ മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍. പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആറു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അസഭ്യം പറഞ്ഞതിന് പിന്നാലെ രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹരിഹരന്റെ വീട്ടുമതിലില്‍ സ്ഫോടകവസ്തു വെച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. വാഹന ഉടമ സിബിന്‍ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.
വടകരയില്‍ യുഡിഎഫ് സമ്മേളനത്തില്‍ കെ കെ ശൈലജക്കെതിരെ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നീട് ഹരിഹരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.