തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തന്റെ പരാതി സ്വീകരിക്കുന്നില്ലെന്ന് മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃത. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. കൂടുതല്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മെയില്‍ അയക്കാനാണ് പറയുന്നത്. അവര്‍ ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യുമെന്ന് മാത്രമാണ് പറയുന്നതെന്നും അമൃത പറഞ്ഞു. വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കില്‍ തനിക്ക് ഭര്‍ത്താവിനെ അവസാനമായി ഒന്ന് കാണാമായിരുന്നുവെന്നും അമൃത പറഞ്ഞു. പെട്ടെന്നുണ്ടായ എയര്‍ ഇന്ത്യയുടെ സമരത്തെ തുടര്‍ന്ന് തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും എയര്‍ഇന്ത്യ ശ്രമിക്കുന്നില്ലെന്നും അമൃത പറഞ്ഞു.
സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയില്‍ നടപടി വേണമെന്നും അമൃത ആവശ്യപ്പെട്ടു. നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങാന്‍ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രണ്ട് തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാര്‍ത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണവാര്‍ത്തയാണ്. ഇന്നലെ രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി.