തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംതിയ്യതിയിലെ ഡ്രൈഡേ പിന്‍വലിക്കുന്നതു സജീവ പരിഗണനയില്‍. മദ്യവരുമാനം കൂട്ടാന്‍ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച. കുറിപ്പ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വരുമാനം കൂട്ടാന്‍ ബീവറേജസ് ഔട്ട്ലറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുകയാണ്. ഒന്നാം തീയതി ഉള്‍പ്പെടുന്ന ഒന്നില്‍ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ കേരളത്തില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ സംസ്ഥാനത്തിന് വരുമാനവും തൊഴിലവസരങ്ങളും നഷ്ടമാകുന്നുവെന്നും യോഗം വിലയിരുത്തി. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ച ശേഷം ഒരു കുറിപ്പ് സമര്‍പ്പിക്കും.