പാലക്കാട്: കൊല്ലങ്കോട് നിന്ന് പിടികൂടിയ പുലി ചത്തു. ഇന്ന് രാവിലെയാണ് കൊല്ലങ്കോടിന് സമീപം വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങിയത്. പുലിയെ പിടികൂടുന്നതിനായി മയക്കുവെടി വെച്ചിരുന്നു. എന്നാല്‍ മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. എന്നാല്‍ ഏറെ നേരം പുലി കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. കമ്പിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തില്‍ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുന്‍പ് സമാനമായ സാഹചര്യത്തില്‍ കമ്പിയില്‍ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.
പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. രാവിലെ ഏഴുമണിയോടെയാണ് പുലിയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.