Newsperseconds.com

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം; ജൂണ്‍ 10 മുതല്‍ ആരംഭിക്കും

Kerala Trawling Ban

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുന്ന സാഹചര്യത്തില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കും. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധത്തിന് മുന്നേ കേരളതീരം വിട്ടുപോകുന്നുവെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

അതേസമയം, മഴ കൂടുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിര്‍ദേശം. കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

Share this Article

Leave a Comment