മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. പതറാത്ത നിലപാടും ഉറച്ച രാഷ്ട്രീയ ബോധ്യവുമാണ് കേരളത്തിന്റെ പടനായകനെ സമകാലിക കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവാക്കുന്നത്. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ദിനം. മുണ്ടയില്‍ കോരന്റേയും ആലക്കണ്ടി കല്ല്യാണിയുടേയും ഇളയ മകന്‍ വിജയന്‍ കോരനെന്ന പിണറായി വിജയന്റെ മറ്റൊരു ജന്മദിനമായ ഇന്ന് തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത അത്യപൂര്‍വ്വമായൊരു ചരിത്രം കൂടി പറയാനുണ്ട്. പിണറായി വിജയനെന്ന സമാനതകളില്ലാത്ത നേതാവ് കേരളരാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതൊന്നും ഇന്നോളം മറ്റാര്‍ക്കുമാകാത്ത അപൂര്‍വ്വത. കാര്യശേഷിയുള്ള നേതാവ് എന്ന വിശേഷണത്തില്‍ നിന്ന് കേരളത്തിന്റെ കപ്പിത്താനെന്ന പരിവേശത്തിലെത്തിയ ഒരേയൊരു മുഖ്യമന്ത്രി. ദുരിതങ്ങള്‍ താണ്ടിയ കേരളത്തിനെ കൈ പിടിച്ചുയര്‍ത്തിയ നേതാവ്. അത്തരത്തിലൊരു കൈത്താങ്ങിന് കേരളം പകരം നല്‍കിയതാണ് ചരിത്രം തിരുത്തിയെഴുതിയ തുടര്‍ഭരണം. കേരളത്തിലെ ജനപ്രിയ രാഷ്ട്രീയ ബിംബമായി പിണറായി വിജയന്‍ തലയെടുപ്പോടെ തന്നെ നിറഞ്ഞുനില്‍ക്കുകയാണ്.

കഴിഞ്ഞ 8 വര്‍ഷത്തെ ഭരണത്തിലൂടെ കേരള രാഷട്രീയത്തെ തന്നിലേക്കടുപ്പിച്ച് നിര്‍ത്തിയ പിണറായി വിജയന് 78 തികയുമ്പോള്‍ അദ്ദേഹം ദേശീയ തലത്തിലും ശ്രദ്ധിക്കുന്ന ഭരണ കര്‍ത്താവായി മാറിയെന്ന പ്രത്യേകതയുണ്ട്. കേരളത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ നാഴികകല്ലെന്നാണ് പിണറായിവിജയനെ വിശേഷിപ്പിക്കുന്നത്. തകര്‍ക്കാന്‍ വരുന്നവരെ തരിപ്പണമാക്കി മുന്നോട്ട് കുതിക്കുകയാണ് പിണറായിവിജയന്‍ എന്ന കരുത്തനായ നേതാവ്. പ്രളയങ്ങളെയും പേമാരിക്കാലങ്ങളെയുമൊന്നും പിണറായി വിജയന്‍ പേടിച്ചിട്ടില്ല. കോവിഡിന് മുന്നില്‍ പകച്ച് നിന്നില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പേടിച്ചോടാതെ നേരിട്ട് പൊരുതി. പോലീസന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച് കേന്ദ്രത്തിന്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ടെന്ന് ധൈര്യത്തോടെ വിളിച്ചുപറഞ്ഞു. എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന പൊതുബോധം അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പെന്‍ഷനും കിറ്റുമെല്ലാം കൊടുത്ത് വികസനത്തിനൊപ്പം കരുതലെന്ന സന്ദേശം കേരളജനതക്ക് നല്‍കി. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് പുതിയൊരു വിപ്ലവ ചരിത്രത്തിലേക്ക് നടന്നുകയറിയ ധീരനായ നേതാവാണ് പിണറായിവിജയന്‍.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടിലുള്ളവര്‍ പായസം നല്‍കുന്ന പതിവുണ്ട്. അത് മാത്രമേ ഈ പിറന്നാള്‍ദിനത്തിലും ആഘോഷമായിട്ടുള്ളൂ. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത് . ഒടുവില്‍ 1964-ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യില്‍ ചേര്‍ന്നു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. അത് പിന്നീട് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ) ആയി മാറി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായും തുടര്‍ന്ന് കെഎസ്എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിലേക്ക് മാറി. അത് പിന്നീട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയി മാറി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി. അക്കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വിവിധ ഒളിത്താവളങ്ങളില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പിണറായി വിജയന്‍ ഒന്നരവര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ന്യൂസ്‌പെര്‍സെക്കന്റ്‌സിന്റെ 79-ാം ജന്മദിനാശംസകള്‍.