തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ‘റെമാല്‍’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാന്‍ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.