കോട്ടയം കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പില്‍ വഴി നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കാര്‍ പൂര്‍ണ്ണമായും തോട്ടില്‍ മുങ്ങിയ അവസ്ഥയിലാണ്. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. മൂന്നാറില്‍ നിന്നും കുമരകം വഴി ആലപ്പുഴയ്ക്ക് പോകാന്‍ എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശികളായ 4 വിദ്യാര്‍ത്ഥികള്‍. ഗൂഗിള്‍ മാപ്പ് വഴിയാണ് സംഘം സഞ്ചരിച്ചത്. മാഞ്ഞൂര്‍ കവല വഴി കുറുപ്പന്തറ കടവിന് സമീപം എത്തിയപ്പോള്‍ വഴിമാറി തോട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു. കുറുപ്പുംതറ കടവിന് സമീപത്തെ വളവില്‍ ദിശ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ പരിശ്രമത്തിന് ഒടുവിലാണ് വാഹനം കരയ്ക്ക് കയറ്റിയത്. സമാനമായ അപകടങ്ങള്‍ സ്ഥിരമായി സ്ഥലത്ത് നടക്കാറുണ്ട്. അത് പ്രതിഷേധത്തിന് ഇടയാക്കി.