കോഴിക്കോട്: മോട്ടിവേഷന്‍ പ്രസംഗത്തിനിടയില്‍ തെറിപ്രയോഗം നടത്തിയ ബിസിനസ് മോട്ടിവേഷന്‍ പ്രഭാഷകന്‍ അനില്‍ ബാലചന്ദ്രനെതിരെ കോഴിക്കോട് പോലീസ് കമ്മീഷണര്‍ സ്വമേധയാ കേസെടുക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ അസഭ്യം പറയുകയും താഴ്ത്തി കെട്ടുന്നതുമല്ല മോട്ടിവേഷന്‍. അനില്‍ ബാലചന്ദ്രനെന്ന മോട്ടിവേഷന്‍ സ്പീക്കര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്രയും വലിയ വേദിയില്‍ ഒരു കൂട്ടം ആളുകളെ അസഭ്യ വാക്കുകളും തെറിപ്രയോഗങ്ങളും നടത്തിയതില്‍ അനില്‍ ബാലചന്ദ്രനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം റോട്ടറി ഇന്റര്‍നാഷണല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അനില്‍ ബാലചന്ദ്രന്‍ വളരെ മോശമായ രീതിയില്‍ ബിസിനസ്സുകാരോട് സംസാരിച്ചത്. ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ എങ്ങനെ ആകരുത് എന്നതിനുള്ള ഉത്തമ ഉദാഹരമാണ് അനില്‍ ബാലചന്ദ്രന്‍ എന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
പ്രഭാഷകന്‍ തുടരെ തെറിവിളി നടത്തിയതോടെ പരിപാടിക്കെത്തിയവര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് സംഘാടകര്‍ ഇടപെട്ടാണു പരിപാടി നിര്‍ത്തിവച്ചത്. തങ്ങളുടെ ജോലിയെ പറഞ്ഞപ്പോള്‍ ബിസിനിസ്സുകാരില്‍ ഒരാള്‍ പ്രതികരിക്കുകയായിരുന്നു. പിന്നീട് പരിപാടിക്കെത്തിയ എല്ലാവരും ഒറ്റക്കെട്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലുള്ള ആളുകളെ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും അനില്‍ ബാലചന്ദ്രനെതിരെ പോലീസ് സ്വമേധായ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവിലാണ് അനില്‍ ബാലചന്ദ്രന്‍ അധിക്ഷേപവും തെറിവിളിയും നടത്തിയത്. ഒരു മണിക്കൂര്‍ വൈകിയാണ് അനില്‍ ബാലചന്ദ്രന്‍ സ്റ്റേജിലെത്തിയത്. ഇത്തരത്തില്‍ കൃത്യനിഷ്ഠതയില്ലാത്ത ഒരാളെ എങ്ങനെയാണ് മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന് വിളിക്കുക? ബിസിനസ്സുകാരെ തെറി വിളിക്കാന്‍ ആരാണ് ഇയാള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും ഡോ. രാജീവ്‌മേനോന്‍ ചോദിച്ചു. പ്രസംഗം ആരംഭിച്ച് അധികം വൈകാതെ ഇയാള്‍ ശ്രോതാക്കള്‍ക്കുനേരെ തെറിവിളി ആരംഭിച്ചത്. ജീവിതത്തില്‍ സക്‌സസ് ആയിട്ടുള്ള പല പ്രമുഖ ബിസിനസ്സുകാരും ഇരിക്കുന്ന വേദിയില്‍ ഇത്തരത്തിലൊരു അസഭ്യവര്‍ഷം നടന്നതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.