കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.