മടവൂര്‍: കരുതലിന്റെ സ്‌നേഹപ്പുടവ സമ്മാനിച്ച് മാതൃകയാവുകയാണ് ചക്കാലക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് യൂണിഫോം വസ്ത്രങ്ങള്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മഹാത്മ ഡ്രസ്സ് ബാങ്കിലേക്ക് നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡ്രസ് ബാങ്കില്‍ നിന്നും ഇത്തരം യൂണിഫോമുകള്‍ സൗജന്യമായി കൈപ്പറ്റാവുന്നതാണ്.
തന്റെ രാജ്യത്ത് ഉടുതുണിക്ക് മറുതുണിയില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അര്‍ദ്ധ നഗ്‌നനായി മാറിയ ഗാന്ധിജിയുടെ പേരിലാണ് ഡ്രസ്സ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാനവികതയുടെ ഉദാത്തമായ ആശയങ്ങള്‍ സമൂഹത്തിന് പകരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ കെ ശാന്തകുമാര്‍, ഷാജു പി കൃഷ്ണന്‍, പി കെ അന്‍വര്‍, പി.എ ലത്തീഫ്, ഫൈസല്‍, മുഹ്‌സിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.