തൃശൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിനായുള്ള ആകാംക്ഷക്ക് ഒന്നൂടെ കൊഴുപ്പ് കൂടുകയാണ്. ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ മുമ്പുള്ള സമയം വരെ മാത്രമെന്ന് തൃശൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ താന്‍ ജയിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി കോഴിമുട്ട പോലെയാകും. അട്ടിമറി നടന്നില്ലെങ്കില്‍ മാത്രമേ സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടൂ. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. മോദിക്കും ബിജെപിക്കും കേരളത്തില്‍ കാലു കുത്താന്‍ പോലും പറ്റില്ല. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ഒത്തുകളി ഉണ്ടെങ്കിലും ബിജെപിക്ക് സീറ്റ് ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെ പോലും അതിശയിപ്പിക്കുന്ന സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് വട്ടപൂജ്യമായിരിക്കും ലഭിക്കുകയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്.