സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടേയും സ്‌കൂള്‍ അധികൃതരുടേയും കടമയാണ്. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി നടപ്പിലാക്കാണമെന്നാണ് നിര്‍ദ്ദേശം. കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനടക്കമുള്ള സൗകര്യങ്ങളാണ് നിലവില്‍ വരുത്തിയിട്ടുള്ളത്. എംവിഡി അവതരിപ്പിക്കുന്ന ‘വിദ്യാ വാഹന്‍’ ആപ്പിലൂടെ തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ അറിയാനായി സാധിക്കും.
പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹന്‍ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. റജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാ വാഹന്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാം. പിന്നീട് മൊബൈല്‍ നമ്പര്‍ വിദ്യാ വാഹന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതര്‍ ആണ്. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അത് വിദ്യാലയ അധികൃതര്‍ക്ക് ചെയ്ത് തരാന്‍ സാധിക്കും. ആപ്പില്‍ പ്രവേശിച്ചാല്‍ രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ ലൊക്കേഷന്‍, എത്തിച്ചേരുന്ന സമയം എന്നിവ എംവിഡി/സ്‌കൂള്‍ അധികാരികള്‍ക്കും രക്ഷിതാവിനും കാണാം. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവര്‍, സഹായി, സ്‌കൂള്‍ അധികാരി എന്നിവരെ ഫോണ്‍ മുഖാന്തിരം വിളിക്കാം. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ഡ്രൈവറെ വിളിക്കാന്‍ സാധിക്കില്ല. കൃത്യമായ ഡാറ്റ കിട്ടുന്നില്ല എങ്കില്‍ ‘റിഫ്രെഷ്’ ബട്ടണ്‍ അമര്‍ത്തുക. വിദ്യ വാഹന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ട്രോള്‍ഫ്രീ നമ്പര്‍ ആയ 1800 599 7099 എന്ന നമ്പറില്‍ വിളിക്കാം. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യുന്നതിന് അതാത് സ്‌കൂള്‍ അധികാരികളെ ബന്ധപ്പെടുക. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്.