Newsperseconds.com

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും

Capture

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ സ്‌നേഹില്‍ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് എന്നിവയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയും ദൃശ്യ-ശ്രാവ്യ, അച്ചടി മാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പോസ്റ്ററുകള്‍, വീഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. വാട്‌സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this Article

Leave a Comment