എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. വരള്‍ച്ചയും തരിശുവല്‍ക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കണമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറല്‍ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയില്‍ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്.
നയരൂപീകരണത്തിലും നിര്‍വഹണത്തിലും വിപുലമായ ആസൂത്രണവും ഇടപെടലുകളും നടത്തിക്കൊണ്ടു മാത്രമേ ഭൂമിയുടെ തരിശുവല്‍ക്കരണം തടയാന്‍ സാധിക്കുകയുള്ളൂ. പൊതുജന പങ്കാളിത്തത്തിലൂന്നിയ നടപടികളാണ് ഇതിനാവശ്യം. നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും മഴവെള്ളം സംഭരിക്കാനും മാലിന്യങ്ങള്‍ സംഭരിക്കാനും നടത്തുന്ന ഇടപെടലുകളാണ് ഇതിനായി കൂടുതല്‍ വേണ്ടത്. ഈ പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ നമ്മുടെ പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ. ഇതിനായി കേരള ജനത ഒറ്റക്കെട്ടായി മുന്നേറേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകളെ കുത്തക മൂലധനത്തിന്റെ ആര്‍ത്തി പൂണ്ട കയ്യേറ്റങ്ങളില്‍ നിന്ന് പ്രതിരോധിച്ച് കൂടുതല്‍ സന്തുലിതമായ ആവാസവ്യവസ്ഥ നിലനിര്‍ത്താനാവണം. ഈ ലോക പരിസ്ഥിതി ദിനം അതിനുള്ള ഊര്‍ജം പകരും.