ബോച്ചേ ലോട്ടറിയുടെ ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ. രാജീവ്‌മേനോന്‍. അനധികൃതമായി ഉണ്ടാക്കിയ പണം സാമ്പത്തിക സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്ന കോടികളുടെ വലിയ തട്ടിപ്പാണ് ബോച്ചേ നടത്തുന്നത്. ഇതിനെതിരെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സാമ്പത്തിക വരുമാനത്തിന്റെ ഉറവിടം ഇഡി അന്വേഷണം നടത്തണമെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി. ഒരു ഉല്‍പ്പന്നത്തിന്റെ മറവില്‍ ബോച്ചേ അനുമതിയില്ലാതെ ലക്കിഡ്രോ എന്ന പേരില്‍ ലോട്ടറിക്കച്ചവടം നടത്തുകയാണ്. നിയമപരമായി ലക്കിഡ്രോ നല്‍കാന്‍ തടസ്സമില്ല. അത് കൊണ്ട് തന്നെ ആ പഴുത് ഉപയോഗിച്ച് കൊണ്ടാണ് ബോച്ചേ 34 കോടിയുടെ ‘ബോച്ചേ ടീ’ എന്ന പദ്ധതിയുമായി വന്നിരിക്കുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.
40 രൂപയ്ക്കാണ് ബോച്ചേ ഒരു പാക്കറ്റ് തേയില വില്‍ക്കുന്നത്. അതിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തുന്നത്. എന്നാല്‍ തേയിലയുടെ പ്രമോഷന്‍ ഇത് വരെ എവിടെയും ഹൈലൈറ്റ് ചെയ്ത് ബോച്ചേ കാണിച്ചിട്ടില്ല. പകരം നറുക്കെടുപ്പിന്റെ പ്രമോഷനാണ് ദിവസവും പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയുടെ സമ്മാനവും 13704 മറ്റു സമ്മാനങ്ങളുമാണ് ബോച്ചേ നല്‍കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ സര്‍ക്കാരിന് ഇതിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. കാരണം ഇത് ലോട്ടറിയെന്ന പേരിലല്ല അറിയപ്പെടുന്നത്. അതേ സമയം സംഭവത്തില്‍ സംസ്ഥാന ലോട്ടറിവകുപ്പിനടക്കം ഇതിന്റെ ഉദ്ദേശം മനസ്സിലായിട്ടുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
ബോച്ചേ ടീയുടെ ആരംഭത്തിന് വേണ്ടിയാണോ തടവില്‍ കഴിയുന്ന റഫീക്കിന്റെ മോചനത്തിനായി ഒരു കോടി നല്‍കിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. 34 കോടിയില്‍ ഒരു കോടി ബോച്ചേ നല്‍കിയതാണ്. അതിന് ശേഷമാണ് ബോച്ചേ ടീയുടെ പ്രമേഷന്‍ വന്നത്. ഒരു കോടിയെറിഞ്ഞ് നൂറ് കോടി ഉണ്ടാക്കാനുള്ള ലക്ഷ്യവുമായാണ് ലക്കിഡ്രോ എന്ന പേരിലുള്ള ലോട്ടറി. ഇതിന് ശേഷമാണ് ബോച്ചേ ടീയും ലക്കിഡ്രോയുമെല്ലാം തരംഗമായി മാറിയത്. ഇപ്പോഴും ഇതിന്റെ വില്‍പ്പന വലിയ രീതിയില്‍ നടക്കുന്നുണ്ട്. തേയിലയുടെ ഇറക്കുമതിയോ കണക്കോ ഒന്നും തന്നെ വ്യക്തമല്ല. ഒരു ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം തന്നെയാണ് ബോച്ചേ ടീയുടെ മറവില്‍ നടക്കുന്നത്. ലോട്ടറിയുടെ മറവില്‍ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ബോച്ചേ നടത്തുന്നതെന്നും ഇതിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.