തൃശൂര്‍: തൃശൂര്‍ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഡിസിസി ഓഫീസില്‍ ഇരു കൂട്ടരും തമ്മില്‍ നടന്ന കൂട്ടത്തല്ലാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എം പി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എം പി വിന്‍സെന്റ് പറഞ്ഞു. കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എം പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.