കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് നഗരത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദാരുണമായ സംഭവത്തില്‍ കുറഞ്ഞത് നാല് ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടത്തില്‍ വലിയൊരു മലയാളി ജനവാസമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ്നാട്, ഉത്തരേന്ത്യ സ്വദേശികളാണ്. എന്നിരുന്നാലും, അധികാരികളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കും. 30 മുതല്‍ 35 പേര്‍ വരെ തീപിടിത്തത്തില്‍ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ചു മറ്റ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ്. മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാംപിലാണ് അഗ്‌നിബാധയുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സകളിലാണ്. ചിലരുടെ നില ഗുരുതരമാണ്. തീ ഉയര്‍ന്നതോടെ പലരും ജനല്‍ വഴിയും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെയും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിച്ച് പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.