ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്നും കടുത്ത നടപടികള്‍ തനിക്കെതിരെ എടുക്കരുതൈന്നും സഞ്ജു ടെക്കി പറഞ്ഞു. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഞ്ജു ടെക്കി എംവിഡിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കിയത്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
സംഭവത്തില്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ്. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവിനൊപ്പം കാര്‍ ഓടിച്ച സൂര്യനാരായണനെതിരെയും കേസുണ്ട്. യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.