കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ചികിത്സയിലുണ്ടായിരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. 14 മലയാളികളടക്കം 31 ഇന്ത്യക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഒരാള്‍ മാത്രം ഐസിയുവില്‍ തുടരുന്നുണ്ട്. എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവരെല്ലാം അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്.
കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നലെ കേരളത്തില്‍ എത്തിച്ചിരുന്നു. അതില്‍ 12 പേരുടെ സംസ്‌കാരം ഇന്നലെ കഴിഞ്ഞു. നാലു പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയിലാണ്.