Newsperseconds.com

ഗോത്രവര്‍ഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും; രാജിക്ക് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍

Capture

ഗോത്രവര്‍ഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് കോളനി എന്ന പേര് നല്‍കുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളര്‍ത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ വിദേശ സര്‍വകലാശാലകളില്‍ അയച്ച് പഠിപ്പിക്കാന്‍ സാധിച്ചു. 255 കുട്ടികള്‍ ഈ സെപ്റ്റംബറില്‍ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവര്‍ഗ്ഗ കുട്ടികള്‍ എയര്‍ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവര്‍ഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്‌സ് പദ്ധതിയിലൂടെ കൂടുതല്‍ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും നല്‍കി. 1285 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ചു. 17 കേന്ദ്രങ്ങളില്‍ കൂടി വൈദ്യുതി എത്തിയാല്‍ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ണന്തല അംബേദ്കര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ മേഘശ്രീ ഡി. ആര്‍, പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സജീവ് തുടങ്ങിയവരും പങ്കെടുത്തു.

Share this Article

Leave a Comment