തിരുവനന്തപുരം: ബൈക്കില്‍ മാസ്‌ക് ധരിച്ചെത്തി മാല മോഷണം നടത്തുന്ന മൂന്നംഗസംഘത്തിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുന്നത്തുകാല്‍ കട്ടച്ചല്‍വിളയില്‍ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവന്‍ മാലയും തവരവിള കുട്ടത്തിവിളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് സംഘം പിടിച്ചു പറിച്ചത്. ബൈക്കില്‍ എത്തി മാല പിടിച്ചു പറിക്കുകയാണ് സംഘം ചെയ്യുന്നത്. മൂന്ന് പേരും മാസ്‌ക് ധരിച്ചതിനാല്‍ സിസിടിവി ക്യാമറകളിലെ ദൃശ്യത്തില്‍ മുഖം വ്യക്തമല്ല.
പിന്നീട് പത്തനാവിളയില്‍ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുന്നത്തുകാല്‍, നാറാണി, അമ്പലത്തിന്‍കാല ബിനു ഭവനില്‍ ബേബിയുടെ ഒന്നര പവന്‍ മാലയാണ് കട്ടച്ചല്‍വിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ കവര്‍ന്നത്. പ്രതികള്‍ സഞ്ചരിച്ച വഴിയിലെ സി സി ടി വി ദൃശ്യങ്ങള്‍ ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.