തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങിനെത്തി.
നാടിന്റെ സ്പന്ദനമറിയുന്ന ജനപ്രതിനിധിയെന്ന നിലയില്‍ മാനന്തവാടിക്കാരും ആഹ്ലാദത്തിലാണ്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് ഒ ആര്‍ കേളു. നേരത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പി കെ ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു.