Newsperseconds.com

കാറിന്റെ ഇന്‍ഡിക്കേറ്റര്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു, ഡിക്കി തുറന്നു കിടന്ന നിലയില്‍; പൊലീസ് പെട്രോളിങ്ങിനിടെ കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Capture

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു ദീപു. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്‌നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് കാര്‍ ശ്രദ്ധയില്‍പെട്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് പകുതിയോളം അറുത്ത നിലയിലാണ് കണ്ടെത്തിയത്.

ദീപുവിന്റെ തന്നെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് സമീപമെത്തുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളമുണ്ടായിരുന്നു. ഇയാള്‍ക്കു തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. പണം തട്ടിയെടുക്കുന്നതിനായോ അല്ലെങ്കില്‍ ബിസിനസ് തര്‍ക്കമോ ആയിരിക്കും കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment