തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രയ്ക്ക് യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും യാത്രക്കാര്‍ അധികം നല്‍കണം. നിലവില്‍ ആഭ്യന്തര യാത്രക്ക് നല്‍കുന്ന യൂസര്‍ഫീസ് 506 രൂപയാണ്. ജൂലൈ ഒന്നു മുതല്‍ യൂസര്‍ ഫീസ് 770 രൂപയാകും. രാജ്യാന്തര യാത്രക്കാര്‍ക്ക് 1262 രൂപയായിരുന്ന യൂസര്‍ ഫീ 1893 രൂപയാകും.
പതിവു വിമാന യാത്രക്കാരായ ഐ ടി പ്രഫഷണലുകള്‍ക്ക് ഉള്‍പ്പടെ ഈ അസാധാരണ നിരക്ക് വന്‍തിരിച്ചടിയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയാണിത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.
അതേസമയം, മറ്റു വിമാനത്താവളങ്ങളിലൊന്നും നിരക്കു വര്‍ധനയില്ല. കൊച്ചിയില്‍ 319 രൂപയും ചെന്നൈയില്‍ 467 രൂപ, ഡല്‍ഹി 62 രൂപ എന്നിങ്ങനെയാണ് നിലവിലെ യൂസര്‍ഫീസ്. മുംബൈയില്‍ യൂസര്‍ഫീസ് ഇല്ല. തിരുവനന്തപുരത്ത് അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ 840 രൂപയും, 2026 ഏപ്രില്‍ ഒന്നു മുതല്‍ 910 രൂപയുമായും യൂസര്‍ഫീസ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.