സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. അവധിദിനത്തില്‍ ജോലിക്കെത്തിയപ്പോഴാണ് ജീവനക്കാര്‍ റീല്‍സ് എടുത്തതെന്നും ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. അതോടൊപ്പം അവധി ദിനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു.
ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്ത് റീല്‍സ് ചിത്രീകരിച്ചുവെന്നും ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമാണ് ജീവനക്കാര്‍ക്കെതിരെയുണ്ടായ പരാതി. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദേവദൂതന്‍ എന്ന മലയാള സിനിമയിലെ പൂവേ പൂവേ എന്ന പാട്ടിലെ ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ എന്ന ഭാഗത്തിനാണ് റീല്‍സ് ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാക്കാന്‍ കാരണമായെന്നും ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസിലുണ്ടായിരുന്നു. ജീവനക്കാര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ദൃശ്യങ്ങളാണ് റീലില്‍ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെയാണ് നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.