കേരളത്തില്‍ വരാന്‍ പോകുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആലപ്പുഴ ജില്ലയില്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ആരോഗ്യമേഖലയില്‍ കുതിക്കാന്‍ വൈറല്‍ രോഗങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴ ജില്ലയിലാണ് എയിംസ് വരേണ്ടതെന്ന് ഇതിനോടകം തന്നെ ആര്‍.സി രാജീവ്ദാസ് ആവശ്യപ്പെട്ടിരുന്നു. തീരദേശതൊഴിലാളികളും, കര്‍ഷകതൊഴിലാളികളും, മത്സ്യതൊഴിലാളികളുമെല്ലാം അടങ്ങുന്ന ലക്ഷകണക്കിനാളുകള്‍ ജീവിക്കുന്ന സാധരണക്കാരുടെ ജില്ലയായ ആലപ്പുഴ ജില്ലയാണ് എയിംസ് എന്ന പദ്ധതിക്ക് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം വളരെ ശക്തമായി പറഞ്ഞിരുന്നു. ഇപ്പോള്‍ സുരേഷ്‌ഗോപിയുടെ പ്രഖ്യാപനവും കൂടെ വന്നപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എയിംസ് വരുമെന്ന പ്രതീക്ഷ വര്‍ദ്ധിക്കുകയാണെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
തിരുവനന്തപുരത്തോ തൃശ്ശൂരിലോ കണ്ണൂരിലോ കാസര്‍കോടോ അല്ല എയിംസ് വരേണ്ടത്. കമ്മ്യൂണിസം കൊണ്ട് മാത്രം നശിച്ചു പോയ ഒരു പ്രദേശമാണ് ആലപ്പുഴ എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. കേരളത്തിന്റെ ഏറ്റവും സമ്പന്ന പ്രദേശമായിരുന്ന കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കുരുമുളകായാലും കയറായാലും കയര്‍ ഉല്‍പ്പന്നങ്ങളായാലും വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന സമ്പന്ന പ്രദേശമായിരുന്നു. ഇപ്പോള്‍ ആ പ്രദേശത്തിന് വികസനം ആവശ്യമാണ്. കേരളത്തില്‍ വികസനമെത്താത്ത ആലപ്പുഴയിലാണ് എയിംസ് സ്ഥാപിക്കേണ്ടതെന്ന സുരേഷ്‌ഗോപിയുടെ പ്രഖ്യാപനം അഭിനന്ദാര്‍ഹമാണെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.
അതേ സമയം, വൈറല്‍രോഗങ്ങളുടെ കെണിയില്‍ പെട്ടു കിടക്കുന്നൊരു ജില്ലയാണ് ആലപ്പുഴ. ചിക്കന്‍ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കു തുടങ്ങി പകര്‍ച്ചാവ്യാധികളില്‍ മിക്കവയും ആദ്യം സ്ഥിരീകരിക്കാറുള്ളത് ആലപ്പുഴ ജില്ലയിലാണ്. തുടര്‍ച്ചയായി ഉണ്ടാവുന്ന ശിശുമരണവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തീരദേശ മേഖലകളിലൂടെ രോഗങ്ങള്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. രോഗങ്ങളും പകര്‍ച്ചാവ്യാധികളും പടരുന്ന അടിസ്ഥാനത്തിലും ജില്ലയിലെ ആരോഗ്യമേഖലയിലെ വികസനത്തിനുള്ള ചുവടുവെപ്പ് എന്ന നിലയിലും കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. തെക്കന്‍ജില്ല തന്നെ എയിംസിന് വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചത് ഏറ്റവും സ്വാഗതാര്‍ഹം തന്നെയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. എയിംസ് സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ആലപ്പുഴ എന്ന തീരദേശമേഖലയില്‍ ഒരുപാട് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്. എയിംസ് ആലപ്പുഴയില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് അതൊരു കൈത്താങ്ങായി മാറും. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. ഈ വര്‍ഷം തന്നെ ഇതിനായുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് കൂട്ടിച്ചേര്‍ത്തു.