തൃശൂര്‍: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. ബിനോയ് തോമസിന്റെ വീട്ടിലെത്തി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരാണ് ധനസഹായം കൈമാറിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമേ ലോക കേരളസഭയില്‍ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നോര്‍ക്ക വഴി നല്‍കിയ ധനസഹായമാണ് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി നല്‍കിയ 5 ലക്ഷം, രവി പിള്ള നല്‍കി രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് നല്‍കിയ രണ്ടു ലക്ഷം ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.
പ്രവാസി പ്രമുഖനായ കെ കെ മേനോന്‍ രണ്ട് ലക്ഷം രൂപ നോര്‍ക്ക മുഖാന്തരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിന്റെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാര്‍ അറിയിച്ചു.