മോട്ടോര്‍ വാഹന നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്ര. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കായിരുന്നു യാത്ര.