കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി അതിനെ നേരിടുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ മനസ്സിലാക്കി തിരുത്തും. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നും എംവി ഗോവിന്ദന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദന് പറഞ്ഞു. കെഎസ്കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി.
ഗൗരവമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുള്ളവര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. എസ്എന്‍ഡിപി വിഭാഗം നല്ലപോലെ വര്‍ഗീയ വല്ക്കരിക്കപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെ മറയാക്കി വര്‍ഗീയമാക്കി ആളുകളെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണമെന്നും എംവി ഗോവിന്ദന് ചൂണ്ടിക്കാണിച്ചു.