കൊച്ചി: വ്യവസായ പ്രമുഖന് ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ശക്തമാക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. നിക്ഷേപമായി നിരവധിയാളുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതുമായി ഇഡി പരിശോധിക്കണം. നിക്ഷേപം സ്വീകരിക്കുന്നതിലും തുടര്‍ന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നും ഇഡി കണ്ടെത്തി ബോബി ചെമ്മണ്ണൂരിനെതിരെ ഉടനെ തന്നെ നിയമനടപടി സ്വീകരിക്കണമെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
ബോചെയുടെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കണം. അത് കൂടാതെ ബോച്ചേ ലോട്ടറിയുടെ ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലാണെന്നും ഇതിനെതിരെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സാമ്പത്തിക വരുമാനത്തിന്റെ ഉറവിടം അന്വേഷണം നടത്തണമെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി. ഒരു ഉല്‍പ്പന്നത്തിന്റെ മറവില്‍ ബോച്ചേ അനുമതിയില്ലാതെ ലക്കിഡ്രോ എന്ന പേരില്‍ ലോട്ടറിക്കച്ചവടം നടത്തുകയാണ്. നിയമപരമായി ലക്കിഡ്രോ നല്കാന് തടസ്സമില്ല. അത് കൊണ്ട് തന്നെ ആ പഴുത് ഉപയോഗിച്ച് കൊണ്ടാണ് ബോച്ചേ 34 കോടിയുടെ ‘ബോച്ചേ ടീ’ എന്ന പദ്ധതിയുമായി വന്നിരിക്കുന്നതെന്നും ഡോ.രാജീവ്മേനോന്‍ വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂരിന്റെ ഫിജി കാര്‍ട്ടും ഇഡിയുടെ അന്വേഷണത്തില്‍ കൊണ്ടുവരണമെന്ന് ഡോ.രാജീവ്മേനോന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്നും സംശയമുണ്ട്. ഇപ്പോഴും ബോച്ചേ ലക്കിഡ്രോയുടെ വില്‍പ്പന വലിയ രീതിയില്‍ നടക്കുന്നുണ്ട്. തേയിലയുടെ ഇറക്കുമതിയോ കണക്കോ ഒന്നും തന്നെ വ്യക്തമല്ല. ഒരു ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം തന്നെയാണ് ബോച്ചേ ടീയുടെ മറവില്‍ നടക്കുന്നത്. ലോട്ടറിയുടെ മറവില്‍ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ബോച്ചേ നടത്തുന്നതെന്നും ഇതിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. കേരളാ ലോട്ടറി ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നിയമ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.