വയനാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായി തുടരുന്നതിനാല്‍ പനമരം ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 9249221239, 8086909788, 6282897976. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ – 8943048345
വരുന്ന 3 മണിക്കൂറില്‍ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലേര്‍ട്ടുള്ള വയനാട് ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്.