മകളുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതിന്റെ അഭിമാനത്തിലാണ് മന്ത്രി സജി ചെറിയാന്‍. കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ബിരുദദാന ചടങ്ങിലാണ് മകള്‍ക്ക് അച്ഛനില്‍ നിന്നും ബിരുദം ഏറ്റുവാങ്ങാനായത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മേല്‍ ചടങ്ങില്‍ അധ്യക്ഷനായി. മകള്‍ ശ്രവ്യ എസ് ചെറിയാന്റെ ബിരുദാനന്തര ചടങ്ങില്‍ എത്തിയതില്‍ പിതാവെന്ന നിലയില്‍ തനിക്ക് അഭിമാന മുഹൂര്‍ത്തമാണെന്ന് സജി ചെറിയാന്‍ പങ്കുവെച്ചു. പിതാവെന്ന നിലയില്‍ അഭിമാന മുഹൂര്‍ത്തം, ഇളയ മകള്‍ ശ്രവ്യ ഒഫീഷ്യലി ഡോക്ടര്‍ ആയിരിക്കുന്നു എന്നാണ് സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
അച്ഛനില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങിയ മകളും അതിയായ സന്തോഷത്തിലാണ്. ശ്രവ്യയുടെ അമ്മ ക്രിസ്റ്റീന ചെറിയാനും സദസിലുണ്ടായിരുന്നു. ഇതോടെ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ വീട്ടില്‍ ഡോക്ടര്‍മാരുടെ എണ്ണം മൂന്നായി. മൂത്ത സഹോദരി ഡോ. നിത്യ എസ് ചെറിയാന്‍ ബെല്‍ഗാമില്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്സിലും രണ്ടാമത്തെ സഹോദരി ദൃശ്യ എസ് ചെറിയാന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ റേഡിയോളജിയിലും എം ഡി വിദ്യാര്‍ഥിനികളാണ്. ശ്രവ്യയും ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.