മലപ്പുറം: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവര്‍ സര്‍വയലന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. ആനക്കയത്ത് 80 ഉം പാണ്ടിക്കാട് 144 ഉം സംഘങ്ങളാണ് ഫീല്‍ഡിലുള്ളത്. വളര്‍ത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സര്‍വയലന്‍സ് സംഘവും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ഇവര്‍ ശേഖരിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് കൗണ്‍സലിങ് നല്‍കും. പ്രത്യേക ക്ലാസ് പി.ടി.എകള്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത് കൗണ്‍സിലിങ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് (തിങ്കള്‍) നടക്കുന്ന പ്ലസ് വണ്‍ അലോട്ടമെന്റ് നടപടികള്‍ പൂര്‍ണമായും പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേരും.
വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആറിന്റെ സഹകരണത്തോടെ തുടരുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.