Newsperseconds.com

കേന്ദ്ര ബജറ്റില്‍ വന്‍ പ്രതീക്ഷയോടെ കേരളം; ദീര്‍ഘകാല ആവശ്യമായ എയിംസ് അനുവദിക്കുമോ?

Capture

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷകളുയര്‍ത്തി കേരളം. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന്റെ കാത്തിരിപ്പ് എയിംസ് പ്രഖ്യാപനത്തിനാണ്. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ കാത്തിരിപ്പാണ് എയിംസ് എന്നത്. അത് കൂടാതെ, സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.

കടക്കെണിയില്‍ നില്‍ക്കുന്ന കേരളത്തിന് കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യവും കേന്ദ്രത്തിന്റെ മുന്നിലുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ തന്നെ വലിയ പ്രൊജക്റ്റ് ആയ വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങള്‍ക്ക് 5,000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 1,000 കോടിയെങ്കിലും കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഴിഞ്ഞത്തോട് അത്രഎളുപ്പം കേന്ദ്രത്തിന് മുഖം തിരിക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. റബ്ബറിന്റെ താങ്ങുവില വര്‍ധന, കോഴിക്കോട് വയനാട് തുരങ്ക പാത, റെയില്‍വേ നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇതില്‍ ഏതെല്ലാം പരിഗണിക്കപ്പെടുമെന്നാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

Share this Article

Leave a Comment