കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് പത്താം ദിവസം. കേരളം ഒന്നടങ്കം അര്‍ജുന്‍ വേണ്ടി കാത്തിരിക്കുകയാണ്. ചെറിയ കുട്ടികള്‍ അടക്കം അര്‍ജുനായുള്ള പ്രാര്‍ത്ഥനകളിലാണ്. രണ്ടാം ക്ലാസുകാരന്‍ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവര്‍ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’- എന്നായിരുന്നു ഇഷാന്‍ ഡയറിയില്‍ കുറിച്ചത്. ഇഷാന്റെ ഡയറിക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.
അതേ സമയം, അര്‍ജുനായുള്ള തിരച്ചില്‍ അതി വേഘത്തില്‍ തുടരുകയാണ്. വാഹനം നദിക്കും കരയിലും ഇടയിലുമായാണ് കിടക്കുന്നതെന്നാണ് നിഗമനം. നേരത്തെ സൈന്യവും എംഡിആര്‍എഫ് സംഘവും തിരച്ചില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. നേവി സംഘത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഇന്ന് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.