തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. ആറു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് ബുധനാഴ്ച രാത്രി പത്തരയോടെ എത്തിയത്. കുഞ്ഞിന് ‘കതിര്‍ ‘എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.
അമ്മത്തൊട്ടിലില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ കുഞ്ഞിനെ ഏറ്റെടുത്ത് വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു കുഞ്ഞ്. സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ് ഇപ്പോള്‍. ഇതോടെ അമ്മത്തൊട്ടിലില്‍ ഇതുവരെയായി 606 കുട്ടികളാണ് എത്തിയത്.
ഈ വര്‍ഷം അമ്മത്തൊട്ടില്‍ വഴി മാത്രം 12 കുട്ടികളെയാണ് ലഭിക്കുന്നത്. 2024ല്‍ ഇതുവരെയായി 33 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്.