കര്‍ണ്ണാടക: മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ പ്രദേശം സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. ഷിരൂരില്‍ എത്തി നാട്ടുകാരോടും പൊലീസുകാരോടും വിവരങ്ങള്‍ അന്വേഷിച്ചതിന് ശേഷം വിവരങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് വീഡിയോയില്‍ എത്തിയിരുന്നു. അതിന് ശേഷം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പല രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള മറുപടിയെന്നോണമാണ് വീഡിയോക്ക് അടിയിലുള്ള കമന്റുകള്‍.
അഗോളയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങള്‍ കുറവാണെന്ന് പറയുന്നത് ശരിയല്ല. കാര്‍വാര്‍ മുതല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. എല്ലായിടത്തെയും പോലീസുകാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിക്കുകയാണ്. സ്ഥലത്തുള്ള പൊലീസുകാരന്‍ അനൗദ്യോഗികമായി തന്നോടു വിവരങ്ങള്‍ പങ്കുവെച്ചുവെന്നും അത് കൊണ്ട് സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങള്‍ നിര്‍ത്തണമെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിലൂടെ പങ്കുവെച്ചു.
മൂന്നുനാലു ആംബുലന്‍സ് റെഡി ആക്കി നിര്‍ത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്, ഒന്നിനും ഒരു കുറ്റവും പറയാനില്ല. പക്ഷേ കുറച്ചു ദിവസം മുന്‍പ് ഇങ്ങനെ ആയിരുന്നോ എന്ന് എനിക്കറിയില്ല. കാരണം പല ആളുകളും പല രീതിയില്‍ ആണ് പ്രചരിപ്പിക്കുന്നത്. പുഴ ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്. അവിടെയുള്ള ആള്‍ക്കാരോടെല്ലാം മാറിത്താമസിക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് ശുഭകരമായ ഒരു വാര്‍ത്ത ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് വിഡിയോയില്‍ പറയുന്നു.